വെരിക്കോസ് വെയിൻ
വെരിക്കോസ് വെയിനിനെ പറ്റി നിങ്ങൾ അറിഞ്ഞിരികേണ്ടത്
വെരിക്കോസ് വെയിനിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
കാരണങ്ങൾ, ലക്ഷണങ്ങൾ, സങ്കീർണതകൾ, പ്രതിരോധം, ലേസർ ചികിത്സ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരണം
വെരിക്കോസ് വെയിൻ (Varicose Veins) എന്നത് കാലുകളിൽ രക്തക്കുഴലുകൾ തടിച്ച്, വളഞ്ഞുപുളഞ്ഞ് വീർത്തുനിൽക്കുന്ന അവസ്ഥയാണ്. കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം തിരികെ എത്തിക്കുന്ന ഞരമ്പുകളിലെ (Veins) വാൽവുകളുടെ ബലക്കുറവോ പ്രവർത്തന തകരാറോ ആണ് ഇതിന് പ്രധാന കാരണം. വാൽവുകൾ ശരിയായി അടയാതിരിക്കുമ്പോൾ, രക്തം താഴേക്ക് ഒഴുകി കാലുകളിൽ കെട്ടിക്കിടക്കുകയും സിരകൾ വീർത്തു വരികയും ചെയ്യുന്നു.
പ്രധാന കാരണങ്ങൾ Risk Factors & Causes
- പാരമ്പര്യം (Genetics): കുടുംബത്തിൽ ആർക്കെങ്കിലും വെരിക്കോസ് വെയിൻ വന്നിട്ടുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും വരാനുള്ള സാധ്യത 50% മുതൽ 90% വരെ കൂടുതലാണ്.
- ദീർഘനേരം നിന്നോ ഇരുന്നോ ഉള്ള ജോലി: അധ്യാപകർ, ട്രാഫിക് പോലീസുകാർ, സെക്യൂരിറ്റി ജീവനക്കാർ, നഴ്സുമാർ, ഐ.ടി ജീവനക്കാർ തുടങ്ങിയവരിൽ കാലുകളിലെ ഞരമ്പുകളിൽ ഗുരുത്വാകർഷണം മൂലം ഉണ്ടാകുന്ന മർദ്ദം കൂടുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുന്നു.
- ഗർഭധാരണം: ഗർഭാവസ്ഥയിൽ ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടുന്നതും പ്രൊജസ്ട്രോൺ (Progesterone) ഹോർമോൺ കാരണം ഞരമ്പുകൾ അയഞ്ഞുപോകുന്നതും ഒരു പ്രധാന കാരണമാണ്. കൂടാതെ, ഗർഭപാത്രം വികസിക്കുമ്പോൾ അടിവയറ്റിലെ പ്രധാന രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന മർദ്ദം കാലുകളിലെ രക്തയോട്ടത്തെ ബാധിക്കുന്നു.
- പ്രായം: പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുകയും വാൽവുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു.
- അമിതഭാരം (Obesity): അമിത ശരീരഭാരം കാലുകളിലെ രക്തക്കുഴലുകളിലും വാൽവുകളിലും അധിക മർദ്ദം ചെലുത്തുന്നു.
- ഹോർമോൺ വ്യതിയാനങ്ങൾ: ആർത്തവവിരാമം (Menopause), ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, അല്ലെങ്കിൽ ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി (HRT) എന്നിവ സിരകളുടെ ഭിത്തികളെ അയച്ച് രോഗസാധ്യത വർദ്ധിപ്പിക്കുന്നു.
- മുൻപുണ്ടായ ത്രോംബോസിസ് (DVT): കാലിലെ ഞരമ്പുകളിൽ മുൻപ് രക്തം കട്ടപിടിച്ചിട്ടുണ്ടെങ്കിൽ വാൽവുകൾക്ക് കേടുപാടുകൾ വരാൻ സാധ്യതയുണ്ട്.
പ്രാരംഭ ലക്ഷണങ്ങൾ Symptoms
വെരിക്കോസ് വെയിൻ വെറുമൊരു സൗന്ദര്യപ്രശ്നമായി തോന്നിത്തുടങ്ങാമെങ്കിലും, കാലക്രമേണ ഇത് അസ്വസ്ഥതകളിലേക്ക് നയിക്കും. പ്രധാന ലക്ഷണങ്ങൾ:
- തടിച്ചു കാണുന്ന ഞരമ്പുകൾ: ചർമ്മത്തിന് മുകളിലായി നീലയോ കടും പർപ്പിളോ നിറത്തിൽ കയറുപോലെ തടിച്ചുനിൽക്കുന്ന ഞരമ്പുകൾ.
- കാലുകളിലെ ഭാരവും വേദനയും: ദിവസം മുഴുവൻ നിന്നോ ഇരുന്നോ ജോലി ചെയ്തതിനുശേഷം വൈകുന്നേരങ്ങളിൽ കാലുകളിൽ അനുഭവപ്പെടുന്ന കഠിനമായ ക്ഷീണവും ഭാരവും വേദനയും.
- നീർക്കെട്ട്: കണങ്കാലുകളിലും കാലിന്റെ താഴെത്ത ഭാഗങ്ങളിലും ഉണ്ടാകുന്ന വീക്കം.
- പുകച്ചിലും തുടിപ്പും: കാൽമുട്ടിന് പിന്നിലോ കാൽവണ്ണയിലോ അനുഭവപ്പെടുന്ന ചൂടും തുടിക്കുന്ന വേദനയും.
- മസിൽ കോച്ചിവലിക്കൽ: പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കാലുകളിൽ പെട്ടെന്നുണ്ടാകുന്ന മസിൽ കോച്ചലും (cramps), കാലുകൾ അനക്കിക്കൊണ്ടിരിക്കണമെന്ന തോന്നലും.
- ചർമ്മത്തിലെ ചൊറിച്ചിൽ: വീർത്ത ഞരമ്പുകൾക്ക് മുകളിലെ ചർമ്മത്തിൽ ചൊറിച്ചിൽ, വരൾച്ച അല്ലെങ്കിൽ കറുപ്പ് നിറം പടരൽ.
ലക്ഷണങ്ങൾ ചികിത്സിച്ചില്ലെങ്കിൽ Complications
വെരിക്കോസ് വെയിൻ ആരംഭത്തിലേ ചികിത്സിക്കാതിരുന്നാൽ കാലക്രമേണ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം:
- വിട്ടുമാറാത്ത വ്രണങ്ങൾ (Venous Ulcers): രക്തം കെട്ടിക്കിടക്കുന്നത് കാരണം ചർമ്മത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുന്നു. ഇത് പ്രധാനമായും കണങ്കാലിന് ചുറ്റും ഉണങ്ങാൻ ഏറെ പ്രയാസമുള്ള, കഠിനമായ വേദന നൽകുന്ന വ്രണങ്ങൾക്ക് കാരണമാകുന്നു.
- രക്തസ്രാവം (Bleeding): ചർമ്മത്തിന് തൊട്ടുതാഴെയുള്ള സിരകൾ വലിഞ്ഞു മുറുകി നേർത്തതാകുന്നു. ചെറിയ തട്ടലോ പോറലോ ഉണ്ടായാൽ പോലും നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിൽ കഠിനമായ രക്തസ്രാവം ഉണ്ടാകാം.
- രക്തം കട്ടപിടിക്കൽ (Thrombophlebitis): വീർത്ത ഞരമ്പുകളിൽ രക്തയോട്ടം മന്ദഗതിയിലാകുന്നതിനാൽ രക്തം കട്ടപിടിക്കാനും, ആ ഭാഗത്ത് തൊടുമ്പോൾ കടിവും കഠിനമായ വേദനയും വരാനും സാധ്യതയുണ്ട്.
- ഡീപ് വെയിൻ ത്രോംബോസിസ് (DVT): പുറമേ കാണുന്ന സിരകളിൽ രക്തം കട്ടപിടിക്കുന്നത് കാലിന്റെ ആഴത്തിലുള്ള പ്രധാന രക്തക്കുഴലുകളിലേക്ക് പടരാം. ഇവിടെ കട്ടപിടിക്കുന്ന രക്തം ശ്വാസകോശത്തിലേക്ക് സഞ്ചരിച്ച് ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥ (Pulmonary Embolism) ഉണ്ടാകാം.
- ചർമ്മത്തിന്റെ നിറമാറ്റവും കട്ടികൂടലും (Lipodermatosclerosis): ദീർഘകാലത്തെ വീക്കം കാരണം കാൽവണ്ണയിലെ ചർമ്മം കട്ടികൂടുകയും കറുപ്പോ തവിട്ടോ നിറത്തിലേക്ക് മാറുകയും ചെയ്യുന്നു.
പ്രതിരോധവും ദൈനംദിന പരിചരണവും
പാരമ്പര്യം, പ്രായം, ഗർഭധാരണം തുടങ്ങിയ കാരണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ചില ശീലങ്ങളിലൂടെ രോഗം വരാതെ നോക്കാനും വഷളാകാതിരിക്കാനും സാധിക്കും:
- തുടർച്ചയായി നിൽക്കുന്നതോ ഇരിക്കുന്നതോ ഒഴിവാക്കുക: അരമണിക്കൂറോ ഒരു മണിക്കൂറോ കൂടുമ്പോൾ അല്പം നടക്കുകയോ കാൽവിരലുകളിൽ ഉയർന്നു നിൽക്കുകയോ (calf raises) ചെയ്യുക.
- കാലുകൾ ഉയർത്തിവെക്കുക: ദിവസവും രണ്ടുനേരം 15 മിനിറ്റ് നേരം കാലുകൾ ഹൃദയത്തിന്റെ നിരപ്പിനെക്കാൾ അല്പം ഉയർത്തി വെക്കുന്നത് രക്തയോട്ടം സുഗമമാക്കാൻ സഹായിക്കും.
- ലളിതമായ വ്യായാമങ്ങൾ: നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവ കാൽവണ്ണയിലെ പേശികളെ ശക്തിപ്പെടുത്തുകയും രക്തം എളുപ്പത്തിൽ ഹൃദയത്തിലേക്ക് പമ്പ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ലേസർ ചികിത്സ EVLT
വെരിക്കോസ് വെയിനിനുള്ള ലേസർ ചികിത്സയെ വൈദ്യശാസ്ത്രത്തിൽ എൻഡോവെനസ് ലേസർ അബ്ലേഷൻ തെറാപ്പി (Endovenous Laser Ablation Therapy - EVLT) എന്നാണ് വിളിക്കുന്നത്. മുറിവുകളോ തുന്നലുകളോ ഇല്ലാതെ, കത്തീറ്ററിലൂടെ കടത്തിവിടുന്ന ലേസർ ഊർജ്ജം (താപം) ഉപയോഗിച്ച് കേടായ രക്തക്കുഴലുകൾ അകത്തുനിന്ന് കരിച്ച് അടച്ചുപൂട്ടുന്ന അത്യാധുനിക ചികിത്സാരീതിയാണിത്.
ലേസർ ചികിത്സ ചെയ്യുന്ന വിധം Procedure
ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധാരണയായി 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ മാത്രമേ സമയം എടുക്കാറുള്ളൂ:
- അൾട്രാസൗണ്ട് മാപ്പിംഗ്: ഡോക്ടർ അൾട്രാസൗണ്ട് സ്കാനിംഗ് സഹായത്തോടെ തകരാറിലായ ഞരമ്പ് കൃത്യമായി കണ്ടെത്തുന്നു.
- ലോക്കൽ അനസ്തേഷ്യ: കാലിൽ വേദന അറിയാതിരിക്കാൻ ഞരമ്പിന് ചുറ്റും മരവിപ്പിക്കാനുള്ള മരുന്ന് (Tumescent anesthesia) കുത്തിവെക്കുന്നു. ഇത് ഞരമ്പിന് ചുറ്റുമുള്ള പേശികളെ ചൂടേൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
- ലേസർ ഫൈബർ കടത്തിവിടൽ: മുട്ടിലോ കണങ്കാലിലോ ഒരു ചെറിയ സൂചിത്തുളയുണ്ടാക്കി (Puncture), അതിലൂടെ നേർത്ത ഒരു ലേസർ ഫൈബർ കേടായ ഞരമ്പിനുള്ളിലേക്ക് കടത്തുന്നു.
- ലേസർ വഴി അടയ്ക്കൽ: ലേസർ പ്രവർത്തിപ്പിച്ച് ഫൈബർ സാവധാനം പുറകോട്ട് വലിക്കുന്നു. ലേസറിൽ നിന്നുള്ള താപം കാരണം ആ രക്തക്കുഴൽ ചുരുങ്ങി പൂർണ്ണമായി അടഞ്ഞുപോകുന്നു.
- സ്വാഭാവിക മാറ്റം: അടഞ്ഞ ഞരമ്പിലൂടെയുള്ള രക്തയോട്ടം നിലയ്ക്കുകയും, രക്തം സമീപത്തുള്ള ആരോഗ്യമുള്ള മറ്റ് രക്തക്കുഴലുകളിലൂടെ സുഗമമായി ഹൃദയത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അടഞ്ഞ ഞരമ്പ് ശരീരം തനിയെ ആഗിരണം ചെയ്ത് ഇല്ലാതാകുന്നു.
ലേസർ ചികിത്സയുടെ പ്രധാന ഗുണങ്ങൾ
- മുറിവുകളോ തുന്നലുകളോ ഇല്ല: ചെറിയൊരു സൂചിത്തുള മാത്രമുള്ളതിനാൽ കാലിൽ പാടുകളോ പാടുകളോ അവശേഷിക്കില്ല.
- കിടത്തിച്ചികിത്സ ആവശ്യമില്ല (Day Care): ചികിത്സ കഴിഞ്ഞ് 1–2 മണിക്കൂറിനുള്ളിൽ രോഗിക്ക് നടന്നുതന്നെ വീട്ടിലേക്ക് മടങ്ങാം.
- വേദനയും രക്തസ്രാവവും വളരെ കുറവ്: പരമ്പരാഗത സർജറിയെ അപേക്ഷിച്ച് വേദനയും അണുബാധയ്ക്കുള്ള സാധ്യതയും നാമമാത്രമാണ്.
- പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാം: ചികിത്സ കഴിഞ്ഞ് 2–3 ദിവസങ്ങൾക്കുള്ളിൽ സാധാരണ ജോലികളിലേക്ക് മടങ്ങാൻ സാധിക്കും.
- ഉയർന്ന വിജയശതമാനം: ഈ ചികിത്സാരീതിക്ക് 95%-ൽ കൂടുതൽ വിജയസാധ്യതയുണ്ട്.
ചികിത്സയ്ക്ക് ശേഷമുള്ള ശ്രദ്ധകൾ
- കംപ്രഷൻ സ്റ്റോക്കിംഗ്സ്: രക്തയോട്ടം കൃത്യമാകാൻ ഡോക്ടർ നിർദ്ദേശിക്കുന്ന പ്രത്യേക ഇലാസ്റ്റിക് സോക്സുകൾ 1 മുതൽ 2 ആഴ്ച വരെ ധരിക്കണം.
- നടത്തം: ചികിത്സ കഴിഞ്ഞ ഉടൻ തന്നെ ദിവസവും 20–30 മിനിറ്റ് നടക്കുന്നത് കാലിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും.
- ഭാരം ഉയർത്തുന്നത് ഒഴിവാക്കുക: ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച കഠിനമായ വ്യായാമങ്ങളോ ഭാരമെടുക്കലോ ഒഴിവാക്കണം.

